03/06/2026
ഒരു സാധാരണ പ്ലസ് ടു വിദ്യാർത്ഥിക്ക് രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡിന്റെ ടെൻഡർ പ്രക്രിയകളിലെ വൻ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കഴിയുമോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും 17 വയസ്സ് മാത്രം പ്രായമുള്ള സാർത്ഥക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി ഇന്ന് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരമോന്നത സഭയായ പാർലമെന്റിലെ ഒരു പാനലിന് മുന്നിൽ താൻ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്.
സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ 'ഓൺ-സ്‌ക്രീൻ മാർക്കിങ്' (ഒഎസ്എം) ടെൻഡറുകളിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് ഈ കൗമാരക്കാരൻ തന്റെ കംപ്യൂട്ടറിന് മുന്നിലിരുന്ന് അനാവരണം ചെയ്തത്. വെറുമൊരു ബ്ലോഗ് പോസ്റ്റിലൂടെ ആരംഭിച്ച സാർത്ഥകിന്റെ ഈ പോരാട്ടം ഇന്ന് രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഏറ്റെടുക്കുകയും പാർലമെന്ററി സമിതിയുടെ ഔദ്യോഗിക പുനപരിശോധനയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരിക്കുന്നു.
2025-26 അധ്യയന വർഷത്തിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ എഴുതിയ 17 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാർത്ഥക് സിദ്ധാന്ത്. പരീക്ഷാഫലം വന്നപ്പോൾ തന്റെ ചില പേപ്പറുകൾക്ക് വിചാരിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. മാർക്ക് പുനഃപരിശോധനയ്ക്കായി ഡിജിറ്റൽ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നത്. ചില പേജുകൾ വ്യക്തമല്ലാത്ത രീതിയിൽ ബ്ലർ ആയവയായിരുന്നു. ചില പേജുകൾ പൂർണമായും അപ്രത്യക്ഷവുമായിരുന്നു. ചില ഉത്തരങ്ങൾ നോക്കുക പോലും ചെയ്യാതെയാണ് മാർക്കിട്ടിരുന്നത്.
പല വിദ്യാർത്ഥികളും ഇത് തങ്ങളുടെ വിധിയാണെന്ന് കരുതി സമാധാനിച്ചപ്പോൾ, സാർത്ഥക് ഈ പിഴവിന് പിന്നിലെ സാങ്കേതിക വിദ്യയെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. സിബിഎസ്ഇ ഇത്തവണ ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഒ.എസ്.എം പോർട്ടലിലെ തകരാറുകളാണ് ഇതിന് കാരണമെന്ന് അവൻ മനസ്സിലാക്കി. അവിടെനിന്നാണ്, ഇത്രയും മോശം നിലവാരമുള്ള ഒരു സോഫ്റ്റ്വെയർ സംവിധാനം സിബിഎസ്ഇ എങ്ങനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിലേക്ക് അവൻ എത്തിയത്.
കേന്ദ്ര ഗവൺമെന്റിന്റെ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടലിൽ ലഭ്യമായ സിബിഎസ്ഇയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സാർത്ഥക് ഡൗൺലോഡ് ചെയ്ത് പരിശോധന തുടങ്ങി. ദിവസങ്ങളോളം കഠിനാധ്വാനം ചെയ്ത് ഏകദേശം 576-ലധികം സിബിഎസ്ഇ ടെൻഡർ രേഖകളാണ് അവൻ വിശകലനം ചെയ്തത്. ഇതിനെല്ലാം ഒടുക്കമാണ്, സിബിഎസ്ഇ തങ്ങളുടെ നിയമങ്ങൾ അട്ടിമറിച്ചു നടത്തിയ 15-ഓളം വലിയ ക്രമക്കേടുകളെ കുറിച്ചുള്ള വമ്പൻ വെളിപ്പെടുത്തലുകൾ തന്റെ ബ്ലോഗിലൂടെ അവൻ പുറത്തുവിട്ടത്.
മൂന്ന് ഘട്ടങ്ങളായാണ് ഒ.എസ്.എം കരാറിനായുള്ള ടെൻഡർ പ്രക്രിയകൾ നടന്നതെന്നാണ് സാർത്ഥക് കണ്ടെത്തിയത്.
1. ഒന്നാം ഘട്ടം (ഫെബ്രുവരി 2025): ഈ ടെൻഡർ പിന്നീട് ഗവൺമെന്റിന്റെ ഇ-മാർക്കറ്റ് പ്ലേസ്(GeM) റെക്കോർഡുകളിൽനിന്ന് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായി.
2. രണ്ടാം ഘട്ടം (മേയ് 2025): ഐടി ഭീമന്മാരായ ടിസിഎസ് അടക്കമുള്ള നാല് കമ്പനികൾ ഇതിൽ പങ്കെടുത്തു. എന്നാൽ, എല്ലാവരും സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഈ ടെൻഡർ റദ്ദാക്കി.
3. മൂന്നാം ഘട്ടം (ആഗസ്റ്റ് 2025): ഈ ഘട്ടത്തിലാണ് ഹൈദരാബാദ് ആസ്ഥാനമായ 'കോഎംപ്റ്റ് എജ്യൂടെക്' എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നത്.