22/09/2024
#ചെറുതേനീച്ചകളുടെ_അതിജീവന_സംവിധാനം
എപ്പിസ് ഗണത്തിലെ തേനീച്ചകൾ വിഷസൂചി ഉപയോഗിച്ച് ശത്രുക്കളെ നേരിടുമ്പോൾ വേലക്കാരി ചെറുതേനീച്ചകൾ അവയുടെ വദന ഭാഗത്തുള്ള മാൻഡിബിൾ ഉപയോഗിച്ച് കടിക്കുകയാണ് ചെയ്യുന്നത്.ചെറുതേനീച്ചയിൽ ഇതിനായി മാൻഡിബിൾ വളരെ ശക്തമാണ്. കടിക്കുമ്പോൾ മാൻഡിബുലാർ ഗ്രന്ഥികളിൽ നിന്നും ഒരു സ്രവം (അലാം ഫിറമോൺ)
ഉത്പാദിപ്പിക്കപ്പെടുകയും അത് കൂടുതൽ വേലക്കാരി ഈച്ചകളെ ശത്രുവിനെ ആക്രമിക്കുന്നിടത്തേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു. ശത്രുവിന്റെ കൈയ്യിലും മൂക്കിലും കണ്ണിലും ചെവിയിലും തലയിലും ഇവ കടിക്കുകയും ശത്രുവിനെ തുരത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചെറുതേനീച്ചയുടെ കൂട് തുറക്കുമ്പോഴും തേനെടുക്കുമ്പോഴും ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇതുമൂലം ധാരാളം വേലക്കാരി ഈച്ചകൾ ചത്തുപോകാറുണ്ട്. കൂടാതെ ഈച്ചകൾ തമ്മിൽ കടിച്ചും വേലക്കാരി ഈച്ചകൾക്ക് നാശം വരും. എന്നാൽ ഇത് ഒഴിവാക്കാനായി കൂടുകൾ കൈകാര്യം ചെയ്യുമ്പോൾ മുഖ സംരക്ഷണി(ബീവെയിൽ) ഉപയോഗിക്കുന്നതും ഒരു നനവുള്ള തുണിയോ തോർത്തോ തലയിലൂടെ ശരീരത്തേയ്ക്ക് മൂടുന്നതും ഈച്ചകളുടെ പരസ്‌പര ആക്രമണം കുറയ്ക്കുന്നതിനും ഈച്ചകൾ ചത്തുനശിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. കൂടാതെ വേലക്കാരി ഈച്ചകളെ ഒഴിഞ്ഞ പ്ലാസ്‌റ്റിക് ബോട്ടിലുകളിലേയ്ക്ക് മാറ്റിയശേഷം കൂടുതുറക്കുന്നതും ഉത്തമമാണ്
ചെറുതേനീച്ചയുടെ ആഹാരം.
മറ്റ് തേനീച്ചകളെപ്പോലെ തന്നെ ചെറുതേനീച്ചയുടെ ആഹാരവും തേനും പൂമ്പൊടിയുമാണ്. പുഷ്‌പങ്ങൾ കൂടാതെ മധുരമുള്ള പദാർത്ഥങ്ങളിൽ എല്ലാം തന്നെ ചെറുതേനീച്ച സന്ദർശിക്കുന്നതായി കണ്ടുവരുന്നു . അതായത് മുന്തിരി, കൈതച്ചക്ക, ചക്ക തുടങ്ങിയ പഴങ്ങളിൽ ഇവയെ ധാരാളമായി കാണാം. വൈവിധ്യമാർന്ന അനേകം ചെടികൾ ഇവ സന്ദർശിക്കാറുണ്ട്. മറ്റ് തേനീച്ച ജനുസ്സുകളെപ്പോലെ വളരെ ദൂരെ സ്ഥലത്തേയ്ക്ക് തേൻ-പൂമ്പൊടി ശേഖരിക്കാൻ ചെറുതേനീച്ച പോകാറില്ല കൂടിന് ഏറ്റവും അടുത്ത ചുറ്റളവിൽ (1 കി. മീ.) ഉള്ള ചെടികൾ ഇവ സന്ദർശിക്കുന്നു. ഔഷധച്ചെടികൾ, ഭക്ഷ്യവിളകൾ. നാണ്യവിളകൾ. സുഗന്ധവിളകൾ, പച്ചക്കറികൾ. അലങ്കാരച്ചെടികൾ തുടങ്ങി അനേകം കളകൾ ഉൾപ്പെടെ മിക്ക സസ്യങ്ങളിൽ നിന്നും ചെറുതേനീച്ച തേനും പൂമ്പൊടിയും ശേഖരിക്കുന്നു. പ്രഭാതത്തിൽ തന്നെ ചെറുതേനീച്ച അവയുടെ പ്രവർത്തനം ആരംഭിക്കും. 12 മണിക്കും മൂന്ന് മണിക്കും ഇവയുടെ പ്രവർത്ത നത്തിന്റെ തോത് കൂടുതലാണ്. വൈകുന്നേരം 6 മണിക്കു ശേഷം കൂടിന് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തുന്നു. പകൽ സമയം മുഴുവനും വേലക്കാരികൾ ചെടികളിലെ പശ ശേഖരിക്കാറുണ്ട്. ചെറുതേനീച്ച സന്ദർശിക്കുന്ന 77 ചെടികളെ വിവിധ തേനീച്ച-പാരാഗണ ഗവേഷണ കേന്ദ്രങ്ങളിൽ നടത്തിയ പഠനങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 21 എണ്ണം തേനും 37 എണ്ണം പൂമ്പൊടിയും 19 എണ്ണം തേനും പൂമ്പൊടിയും നൽകുന്നവയാണ്.
ഔഷധചെടികളായ നീല അമരി. തൊട്ടാവാടി, തെറ്റി. കീഴാനെല്ലി, ആവണക്ക്, ബലിപ്പൂവ്. നാഗഗന്ധി, ശവംനാറി. തഴുതാമ, പുളിയാറില, മൈലാഞ്ചി, തുളസി എന്നിവയും തോട്ടവിളകളിൽ റബ്ബർ, തെങ്ങ്, കശുമാവ്, കാപ്പി എന്നിവയും ചെറുതേനീച്ച സന്ദർശിക്കുന്നുണ്ട്. സുഗന്ധ വ്യജ്‌ഞനങ്ങളിൽ മുളക്, പുളി, കറുവപ്പട്ട, കടുക്, ഏലം, എന്നിവയും പച്ചക്കറികളിൽ പീച്ചങ്ങ, മുരിങ്ങ, ചൈനീസ് കാബേജ്. ഉള്ളി, വഴുതന, പയറുവർഗ്ഗങ്ങൾ, വെള്ളരി ഇനങ്ങൾ, പാവൽ, പടവലം, ഉഴുന്ന് തുടങ്ങിയവയും ചെറുതേനീച്ച സന്ദർശിക്കുന്നവയിൽ ചിലത് മാത്രം സൂര്യകാന്തി. ബജ്റ, എള്ള് തുടങ്ങിയവയും അലങ്കാരച്ചെടികളിൽ ബാൾസം, റോസ്, ആൻ്റഗൺ. ആന്തൂറിയം. ബന്തി, രാജമല്ലി, ഗോൾഡ് സ്പോട്ട്, ഗ്ലാഡിയോലസ് തുടങ്ങിയവയും ഇവയുടെ തേൻ/പൂമ്പൊടി സ്രോതസ്സുകളാണ്. കർഷകർ ഇത്തരം ചെടികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചെറുതേനീച്ച വളർത്തുന്ന കർഷകൻ ഈ സസ്യങ്ങൾ ഏപ്പിയറിലും പരിസരപ്രദേശത്തും നട്ടുപിടിപ്പി ക്കുന്നത് തേനീച്ചകൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
തുടരും
Part-5
#ചെറുതേനീച്ച #ചെറുതേൻ